Sunday, October 25, 2026

ശ്രീരാമനെയും രാമായണത്തെയും അധിക്ഷേപിച്ച സിപിഐ നേതാവും തൃശ്ശൂർ എം എൽ എ യുമായ പി ബാലചന്ദ്രനെതിരെ പരാതി; കളമശ്ശേരി പോലീസ് കേസെടുത്തേയ്ക്കും; സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ പരാതികളെത്താൻ സാധ്യത

കൊച്ചി: ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ നേതാവും തൃശ്ശൂർ എം എൽ എയുമായ പി ബാലചന്ദ്രനെതിരെ കളമശ്ശേരി പോലീസിൽ പരാതി. ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്ററിനുവേണ്ടി ജനറൽ കൺവീനർ എം നന്ദകുമാറാണ് പരാതിനൽകിയത്. എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ് രാമഭക്തരായ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് പരാതിയിൽ പറയുന്നു. ഐ പി സി 153 എ, 295 എ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. എം എൽ എ ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ്‌റ്റേഷനുകളിൽ കൂടുതൽ പരാതികൾ എത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 24 നാണ് ഹിന്ദുക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് അദ്ദേഹം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ശ്രീരാമനും, ലക്ഷ്‌മണനും, സീതയും പൊറോട്ടയും ഇറച്ചിയും കഴിക്കുകയായിരുന്നെന്നും ആ സമയത്ത് അവിടെയെത്തിയ മാനിനെ കണ്ടയുടൻ സീതയ്ക്ക് മാനിറച്ചി കഴിക്കണമെന്ന ആഗ്രഹമുണ്ടായതായും എം എൽ എ ഫേസ്ബുക്കിൽ എഴുതിയിരുന്നു. അയോദ്ധ്യ രാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്ത്ന്റെ ആവേശത്തിൽ നാടും നഗരവും നിൽക്കുമ്പോൾ അധിക്ഷേപകരവും, മതവികാരം വ്രണപ്പെടുത്തുന്നതുമായ പോസ്റ്റ് എം എൽ യുടെ ഭാഗത്ത് നിന്നുണ്ടായതിൽ വലിയ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധം ശക്തമായതോടെ ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.

Related Articles

Latest Articles