Sunday, June 2, 2024
spot_img

അമ്മയ്ക്ക് ജീവനാംശം നൽകുന്നില്ലെന്ന് പരാതി;അദ്ധ്യാപികയായ മകളുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കാന്‍ ഉത്തരവ്

പാലക്കാട്: മക്കള്‍ ചെലവിന് തരുന്നില്ലെന്ന അമ്മയുടെ പരാതിയില്‍ അദ്ധ്യാപികയായ മകളുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കാന്‍ ഉത്തരവ്. അമ്മയ്ക്ക് മകള്‍ നല്‍കേണ്ട 3,500 രൂപ അദ്ധ്യാപികയായ മകളുടെ ശമ്പളത്തില്‍ നിന്നും ഈടാക്കി അമ്മയ്ക്ക് നല്‍കണമെന്നാണ് ഒറ്റപ്പാലം സബ് കലക്ടറുടെ മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്

ഇതിനായി മകള്‍ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അദ്ധ്യാപികയെ ചുമതലപ്പെടുത്തിക്കൊണ്ട് സബ് കലക്ടര്‍ ഡി ധര്‍മലശ്രീയാണ് ഉത്തരവിറക്കിയത്. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007 ലെ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി സ്വദേശിയായ എഴുപത്തിമൂന്നുകാരിയുടെ പരാതി തീര്‍പ്പാക്കിയത്.

2016 ലാണ് നാല് മക്കളും ചെലവിന് തരുന്നില്ലെന്ന് കാട്ടി അമ്മ ആദ്യം ട്രൈബ്യുണലിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് നാല് മക്കളോടും അമ്മയ്ക്ക് ജീവനാംശം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ രണ്ട് മക്കള്‍ തുക നല്‍കുന്നില്ലെന്ന് ആരോപിച്ച് അമ്മ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ട ട്രൈബ്യൂണല്‍ ഇതില്‍ ഒരു മകള്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗ്ഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മകളെ കേസില്‍ നിന്നും ഒഴിവാക്കി. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയായ മറ്റൊരു മകളോട് അമ്മയ്ക്ക് ജീവനാംശം നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതിനെതിരെ അദ്ധ്യാപികയായ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇവര്‍ക്ക് അനുകൂല ഉത്തരവ് നേടാന്‍ കഴിഞ്ഞിരുന്നില്ല,

തുടര്‍ന്ന് 2021 ല്‍ മകള്‍ ജീവനാംശം നല്‍കുന്നില്ലെന്ന് കാട്ടി, അമ്മ വീണ്ടും ട്രൈബ്യൂണിലനെ സമീപിക്കുകയായിരുന്നു. വീണ്ടും വിശദമായ വാദം കേട്ട ട്രൈബ്യുണല്‍ 2016 മുതല്‍ മകള്‍ അമ്മയ്ക്ക് നല്‍കേണ്ട ജീവനാംശത്തുകയായ 1.26 ലക്ഷം രൂപ ഡിസംബര്‍ 30 നകം നല്‍കാനും ഡിസംബര്‍ മുതല്‍ 3500 രൂപ മകളുടെ സര്‍ക്കാര്‍ ശമ്പളത്തില്‍ നിന്നും ഈടാക്കാനും ഉത്തരവിടുകയായിരുന്നു. കുടിശികയായി കിടക്കുന്ന 1.26 ലക്ഷം രൂപ സമയപരിധിക്കകം നല്‍കിയില്ലെങ്കില്‍ ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും സബ് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles