Monday, May 6, 2024
spot_img

വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി; നിയമസാധുതയില്ലെന്ന് രൂക്ഷവിമർശനത്തോടെ ചൂണ്ടിക്കാട്ടി കോടതി; കാരണം ഇത്!

ബെംഗളൂരു: വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി തള്ളി കോടതി. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി റദ്ദാക്കിയത്. നിയമത്തിന്റെ ദുരുപയോ​ഗമായി കോടതി പരാതിയെ വിലയിരുത്തുകയും ചെയ്തു. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ചാണ് ബെം​ഗളൂരു യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയത്.

സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തുന്നു. പരാതിയിൽ എല്ലാ വിശദാംശങ്ങളുമുണ്ട്. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. 6 വർഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പം ഇല്ലാതാകുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്.

2021-ൽ ബംഗളൂരു സിറ്റിയിലെ ഇന്ദിരാനഗർ പൊലീസിലും ദാവൻഗരെയിലെ വനിതാ പൊലീസിലുമാണ് യുവതി പരാതി നൽകിയത്. ഇരുവരുടെയും ബന്ധം, ഒന്നും രണ്ടുമല്ല, ആറുവർഷമാണ് നീണ്ടുനിന്നത്. അതുകൊണ്ടുതന്നെ ഐപിസി സെക്ഷൻ 376 പ്രകാരമുള്ള ബലാത്സംഗക്കുറ്റമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു. പരാതിക്കാരി 2013ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവുമായി സൗഹൃദത്തിലായത്. നല്ല പാചകക്കാരനാണെന്ന് പറഞ്ഞ് യുവതിയെ ഇയാൾ പതിവായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഭക്ഷണം തയ്യാറാക്കുകയും ബിയർ കുടിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നുവെന്നും പറയുന്നു. വിവാഹ വാ​ഗ്ദാനം നൽകിയാണ് യുവാവ് ലൈം​ഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വാദം. പിന്നീട് വാ​ഗ്ദാനം ലംഘിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

2021 മാർച്ച് 8നാണ് വഞ്ചന, ഭീഷണിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോപിച്ച് യുവതി ഇന്ദിരാനഗർ പോലീസിൽ പരാതി നൽകിയത്. യുവാവ് താമസിക്കുന്ന ദാവൺഗരെയിലും ആക്രമണത്തിനും ബലാത്സംഗത്തിനും പരാതി നൽകി. രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും യുവതിയുടെ പതിവാണെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. യുവതിക്ക് നേരത്തെ പുരുഷനുമായി ശാരീരിക ബന്ധമുണ്ടായിരുന്നെന്നും ഇയാൾക്കെതിരെയും സമാനമായ കേസ് രജിസ്റ്റർ ചെയ്തെന്നും 2016ൽ യുവതി മൊഴി മാറ്റിപ്പറഞ്ഞതിനാൽ യുവാവിനെ വെറുതെ വിട്ടതായും ഇയാൾ കോടതിയെ അറിയിച്ചു.

Related Articles

Latest Articles