Thursday, May 16, 2024
spot_img

നിലനിൽപ്പിന് സമവായം അനിവാര്യം ! ഇന്ത്യൻ സന്ദർശനത്തിന് അനുമതി തേടി മാലിദ്വീപ് പ്രസിഡൻ്റ്

ദില്ലി :∙ വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം സന്ദർശനത്തിന് താൽപര്യം പ്രകടിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനത്തിന് അനുമതി തേടിയിരിക്കുന്നത്.

ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്യുകയും ഇതുസംബന്ധിച്ച ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, വിഷയത്തിൽ കഴിഞ്ഞദിവസം ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു.

അതേസമയം, സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാര്‍ അധികാരമേറ്റാല്‍ ആദ്യം സന്ദര്‍ശിക്കുന്നത് ഇന്ത്യയാണ്. എന്നാല്‍ കഴിഞ്ഞ നവംബര്‍ 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്‌വഴക്കം തെറ്റിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുര്‍ക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ യുഎഇയിലേക്ക്. അവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോൾ മുഹമ്മദ് മുയിസു, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണത്തെ തുടർന്ന് ചൈന സന്ദർശനത്തിലാണ്. രാജ്യത്തിന്റെ അടുത്ത പരമ്പരാഗത സഖ്യകക്ഷികളിലൊന്നായ ഇന്ത്യയുമായി ദ്വീപ് രാഷ്ട്രം നയതന്ത്ര തർക്കത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്താണ് മുഹമ്മദ് മുയിസുവിന്റെ ചൈനാ യാത്ര.

Related Articles

Latest Articles