നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകൻ അറസ്റ്റിൽ. നിരവധി കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ ഒളിവിൽ കഴിയവേ എൻഐഎ സംഘം പിടികൂടിയത്. 2047നകം രാജ്യത്തെ ഇസ്‍ലാമിക ഭരണത്തിൻ കീഴിൽ കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് ഇയാളെ പിടികൂടിയത്. അന്യമത പുരോഹിതരെയും രാഷ്ട്രീയ എതിരാളികളെയും കൊലപ്പെടുത്താനായി പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ഇയാളെന്നാണ് എൻഐഎ കണ്ടെത്തൽ.
എൻഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കേസിൽ അറസ്റ്റിലാകുന്ന 59–ാമത്തെ വ്യക്തിയാണ് ജാഫർ. ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

