Thursday, May 2, 2024
spot_img

‘നിരന്തരം പീഡനത്തിന് ഇരയാക്കി; ചോദിക്കാൻ ചെന്നപ്പോൾ പ്രതികരിച്ചത് ലാഘവത്തോടെ’; കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മരിച്ച പെൺകുട്ടിയുടെ സഹോദരി

മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മരിച്ച പെൺകുട്ടിയുടെ സഹോദരി. കുട്ടിയുടെ മരണത്തിന് പിന്നാലെ കരാട്ടെ ക്ലാസിൽ ചോദിക്കാൻ ചെന്നപ്പോൾ വളരെ സ്വാഭാവികമായാണ് പ്രതി സംസാരിച്ചതെന്ന് സഹോദരി പറയുന്നു.

കരാട്ടെ ക്ലാസ് നടക്കുന്ന സമയത്താണ് പ്രതിയെ കാണാൻ പോയത്. തന്റെ അനിയത്തിക്ക് സംഭവിച്ചത് മറ്റ് കുട്ടികൾക്ക് സംഭവിക്കരുതെന്നുള്ളതുകൊണ്ടാണ് ക്ലാസ് നടക്കുന്ന സമയത്ത ചെന്നത്. കുട്ടി അത്രയേറെ പേടിച്ചിരുന്നു. കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. വളരെ സ്വാഭാവികമായാണ് സിദ്ദിഖലി തങ്ങളോട് സംസാരിച്ചതെ‌ന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.

എന്നാൽ മറ്റ് കുട്ടികളുടെ മുൻപിൽ വച്ച് സംസാരിക്കേണ്ട എന്നായിരുന്നു സിദ്ദിഖലി സഹോദരിയോട് പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ വീട്ടിലെ ചടങ്ങിനെത്തുകയും കുടുംബാം​ഗങ്ങൾക്കൊപ്പം ആ​ഹാരം കഴിച്ച് മടങ്ങുകയും ചെയ്തതാണ്. അത്രയേറെ അടുപ്പമാണ് കരാട്ടെ അദ്ധ്യാപകനും തങ്ങളുടെ കുടുംബവുമായുള്ളത്. സിദ്ദിഖലിയെ അത്രയേറെ വിശ്വസിച്ചിരുന്നു. ഇത്തരത്തിൽ പീഡനമോ മറ്റോ നടന്നിട്ടില്ലെന്നാണ് അദ്ധ്യാപകൻ ആദ്യം പറഞ്ഞത്. വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചതോടെ എന്തെങ്കിലും സംഭവിച്ച് പോയിട്ടുണ്ടെങ്കിൽ‌ ക്ഷമിക്കൂ എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് പെൺ‌കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർത്ഥിയുടെ മൃതദേ​ഹം 100 മീറ്റർ അകലെ ചാലിയാറിൽ കണ്ടെത്തി. പ്രതിക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ സ്ഥിരം ലൈം​ഗികാതിക്രമങ്ങൾ നടത്തുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ മുൻപും പോക്സോ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles