Friday, May 10, 2024
spot_img

ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമാണം; സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന് താക്കീതുമായി ഹൈക്കോടതി; അമിക്കസ് ക്യൂറിക്കെതിരെയോ കളക്ടർക്കെതിരെയോപരസ്യ പ്രസ്താവന പാടില്ല എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ രേഖാമൂലം അറിയിക്കണം

കൊച്ചി: ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമാണവുമായി ബന്ധപ്പട്ട കേസിൽ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന് താക്കീതുമായി ഹൈക്കോടതി. കേസിൽ പരസ്യ വിമർശനം പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. അമിക്യസ്‌ക്യൂറിക്കും കളക്ടർക്കുമെതിരെ വിമർശനം ഉന്നയിക്കരുത്. അവര്‍ കോടതി ഉത്തരവാണ് നടപ്പാക്കുന്നത്. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഇടുക്കിയിലെ ഭൂമി വിഷയത്തില്‍ രണ്ടു മാസത്തിനകം സർവേ നടപടികൾ പൂർത്തീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌റ്റോപ്പ് മെമോ നൽകിയിട്ടും നിർദേശം ലംഘിച്ചുകൊണ്ട് നിർമാണപ്രവർത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കാറ്റിൽ പറത്തി, ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണം തുടർന്നതിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഇനിയൊരു ഉത്തരവില്ലാതെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്നും കോടതി അന്ന് കർശന നിർദേശം നൽകി.

നേരത്തെ കഴിഞ്ഞ വർഷം നവംബറിൽ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും സിപിഎം കെട്ടിടനിർമാണം തുടരുകയായിരുന്നു. പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ അന്ന് രാത്രിയോടെ ഇതും അവഗണിച്ച് ഓഫിസ് നിർമാണം പുനരാരംഭിച്ചു. അലുമിനിയം ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂര നിർമാണം രാത്രി തന്നെ പൂർത്തിയാക്കി. മുൻഭാഗത്ത് ഒഴിച്ചിട്ടിരുന്ന ഭാഗത്ത് ഇഷ്ടിക കെട്ടുകയും ചെയ്തു.

Related Articles

Latest Articles