Monday, May 6, 2024
spot_img

നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം

തൃശ്ശൂർ: ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

അതേസമയം, സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്ക്കെതിരെ പോലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. നൃത്താദ്ധ്യാപിക സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

Related Articles

Latest Articles