Thursday, October 8, 2026

വെള്ളിയാഴ്ചകളെ കറുത്ത വെള്ളിയാഴ്ചകളാക്കുന്ന കൊറമാണ്ഡ‍ൽ എക്സ്പ്രസ്; അപകടത്തിൽപ്പെടുന്നത് ആദ്യമായല്ല !

ബാലസോർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ 261 മരണമാണു ഇതുവരെ സ്ഥിരീകരിച്ചത്. 650പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്നലെത്തെ ദുരന്തത്തിന് കാരണമായ കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റി മരണം റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമായല്ല. 2009 ഫെബ്രുവരി 13ന് കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ 16 ജീവനാണ് പൊലിഞ്ഞത്

ജാജ്പുർ റോഡ് റെയിൽവേ സ്റ്റേഷൻ അതിവേഗത്തിൽ പിന്നിട്ടതിനു പിന്നാലെ ട്രാക്ക് മാറുമ്പോഴാണ് അന്ന് കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയത്. പാളം തെറ്റിയ എൻജിൻ തലകീഴായി മറിഞ്ഞതിനു പിന്നാലെ മറ്റു ബോഗികൾ നാലുപാടും ചിതറിയാണ് അപകടമുണ്ടായത്. രാത്രി 7.30നും 7.40നും ഇടയിലായിരുന്നു അപകടം.

2002 മാർച്ച് 15നു ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് നെല്ലൂരിൽ വച്ച് ട്രെയിനിന്റെ ഏഴോളം ബോഗികൾ പാളം തെറ്റി. മരണം റിപ്പോർട്ട് ചെയ്തില്ലെങ്കിലും അന്നു നൂറിലധികം പേർക്കാണ് പരിക്കേറ്റത്.

12842 നമ്പർ കൊറമാണ്ഡൽ എക്സ്പ്രസ് പശ്ചിമ ബംഗാളിലെ ഷാലിമാറിനും തമിഴ്നാട്ടിലെ ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ്. 27 മണിക്കൂറും 5 മിനിറ്റും കൊണ്ട് 1662 കിലോമീറ്ററാണ് യാത്രയിൽ ട്രെയിൻ പിന്നിടുന്നത്.

ഇന്നലെ രാത്രി ഏഴരയോടെ കൊറമാണ്ഡല്‍ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ ചരക്ക് ട്രെയിനില്‍ ഇടിച്ചു. കുറച്ചു കോച്ചുകള്‍ എതിര്‍വശത്തെ ട്രാക്കില്‍ വരികയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസിൽ ഇടിച്ചു. അതോടെ യശ്വന്ത്പുര്‍ – ഹൗറ ട്രെയിനിന്റെ കോച്ചുകളും പാളം തെറ്റി മറിഞ്ഞു.

Related Articles

Latest Articles