തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. കാപ്പാ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലിക ജാമ്യം കോടതി അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന ആവശ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചു.
ജൂലൈ 13ന് വൈകുന്നേരം അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു അന്ന് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കൗൺസിലർമാർക്കെതിരെ സിപിഎം കൗൺസിലർ നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 19 കൗൺസിലർമാർ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ കാപ്പ കേസിൽ കൂടി ഇളവ് ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാൻ സാധിക്കൂ. ആറു മാസത്തെ കാപ്പാതടവ് ശിക്ഷ, കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതോടെ അടുത്ത ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിനും സുഗതന് നിയമപരമായ വിലക്കുണ്ട്. കൂടാതെ ഉപദേശക സമിതി തീരുമാനം ചോദ്യംചെയ്തുള്ള അപേക്ഷ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ഇതിലുള്ള ഉത്തരവ് ഉടൻ തന്നെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് ആർ സുഗതൻ.

