ബെയ്ജിംഗ്: കോവിഡിൽ നട്ടം തിരിഞ്ഞ് ചൈന (Covid In China). രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിയാൻജിന് ശേഷം ഒമിക്രോൺ വ്യാപിക്കുന്ന രണ്ടാമത്തെ നഗരമായി മക്കാവോയുടെ അതിർത്തിയിലുള്ള സുഹായ്. കഴിഞ്ഞ ദിവസം ഏഴ് ഒമിക്രോൺ കേസുകളാണ് സുഹായിൽ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന്, ബെയ്ജിംഗിലേയ്ക്കുള്ള എല്ലാ വിമാന സർവീസുകളും സമീപ നരഗങ്ങളിലേയ്ക്കുള്ള മറ്റ് ഗതാഗത സംവിധാനങ്ങളും താൽക്കാലികയായി നിർത്തിവച്ചു. സുഹായിലെ നിരവധി പട്ടണങ്ങളിലേയ്ക്കും മറ്റ് പ്രദേശങ്ങളിലേയ്ക്കും ഇത് വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ധർ കണ്ടെത്തി. തുടർന്ന്, നടത്തിയ പരിശോധനകളിൽ ഏഴ് പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ, ഒരാൾക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. രോഗലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്കും ഒമിക്രോൺ പിടിപെടുന്ന സാഹചര്യത്തിൽ ചൈനയിൽ ആശങ്ക കൂടുതൽ വർധിച്ചിരിക്കുകയാണ്. നാൻപിംങ് പ്രദേശത്തെ ശിശുക്ഷേമ കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഇവർ ബൂസ്റ്റർ ഡോസ് അടക്കം സ്വീകരിച്ചിരുന്നു. ജനുവരി 8ന് ഇവർ ഒരു പച്ചക്കറി ചന്തയിൽ പോയിരുന്നു. അതിൽ ഒമിക്രോൺ ബാധ ഇനിയും വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ഉറവിടം ഇനിയും വ്യക്തമല്ല. എന്നാൽ കോവിഡിനൊപ്പം ഒമിക്രോണും പിടിമുറുക്കുന്നതോടെ, ചൈനയിലെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അന്യാങ്, ഷിയാൻ, യൂഷൗ എന്നീ നഗരങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

