Wednesday, May 15, 2024
spot_img

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന; 7,974 പേർക്ക് കൂടി രോഗബാധ; വാക്‌സിനേഷൻ കുതിക്കുന്നു

ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ (Covid Updates In India) എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകള്‍ 34,718,602 ആയി. 3,41,54,879 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു.

98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ കവറേജ് 135.25 കോടി കവിഞ്ഞു. 82.08 കോടി ആളുകള്‍ ആദ്യ ഡോസ് എടുത്തപ്പോള്‍ 53.09 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ ജനസംഖ്യയുടെ 55% ത്തിലധികം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

ഈ ആഴ്ച മാത്രം 55.52% പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തു. 87% ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ഇന്നലെ പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ നാല് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗബാധ. രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിൽ ഇന്നലെ 4006 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,628 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,536 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4092 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 203 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 35,234 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles