Thursday, May 9, 2024
spot_img

കൊവിഡ്: വിമാന സർവീസുകൾക്ക് നിയന്ത്രണമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ; എന്നാൽ ജാഗ്രത വേണം, ചില രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം,

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ചൈന,തെക്കൻ കൊറിയ, ജപ്പാൻ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ആർടിപിസിആർ പരിശോധന നിർബന്ധമാക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൈന ജപ്പാൻ എന്നീ രാജ്യങ്ങളിലെ കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാനും രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാനും അന്താരാഷ്ട്ര യാത്രക്കാരുടെ ടെമ്പറേച്ചർ പരിശോധിക്കാനും തീരുമാനമെടുത്തു .

രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താൻ നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ജാഗ്രത കൂട്ടണമെന്ന് ആവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ ഇപ്പോഴത്തെ നിലപാട്. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തുടർ നടപടി ഉണ്ടാവുമെന്നും അറിയിച്ചു. . വാക്സീനേഷൻ ഊർജ്ജിതമാക്കുന്നതിൻറെ ഭാഗമായി മൂക്കിലൂടെ നൽകുന്ന കൊവിഡ് വാക്സീൻ ഇന്ന് മുതൽ കൊവിൻ ആപ്പിൽ ലഭ്യമാക്കും.

Related Articles

Latest Articles