Sunday, April 28, 2024
spot_img

ഒറ്റരാത്രികൊണ്ട് അക്കൗണ്ടിലെത്തിയത് 2.44 കോടി!!!!
4 ഐ ഫോണുകൾ വാങ്ങി ആഘോഷം ..
ബാങ്കിനെ അറിയിക്കാതെ മുഴുവൻ പണവും ധൂർത്തടിച്ചു തീർത്ത
യുവാക്കൾ ഒടുവിൽ അറസ്റ്റിൽ

തൃശൂർ : രാവിലെ ഉറക്കമെഴുന്നേറ്റ യുവാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയത് 2.44 കോടി രൂപ! അബദ്ധത്തിലെത്തിയ പണമാണെന്ന് മനസ്സിലായിട്ടും രണ്ടും കൽപ്പിച്ച്, 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ ധൂർത്തടിച്ചു തീർത്തു. അബദ്ധം പറ്റിയത് ബാങ്ക് മനസ്സിലാക്കി വന്നപ്പോഴേക്കും അക്കൗണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ലാതെ യുവാക്കൾ എല്ലാം ചിലവാക്കിയിരുന്നു. തുടർന്ന് ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണു പിടിയിലായത്. ഇവർ റിമാൻഡിലായി

വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് രംഗത്ത് സജീവമാണ് യുവാക്കൾ. ഒരാൾ മൊബൈൽ ഫോൺ ഷോറൂമിൽ ജോലിയും ചെയ്യുന്നുണ്ട്. സ്വകാര്യ ബാങ്കിന്റെ സെർവർ മെർജിങ് നടപടികൾ നടക്കുന്ന സമയത്താണ് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തിൽ എത്തിയത്. ഇത്തരത്തിലുള്ള അബദ്ധങ്ങൾ അപൂർവമായി സംഭവിക്കാറുണ്ടെങ്കിലും ഉപഭോക്താക്കൾ ബാങ്കിനെ വിവരമറിയിച്ചു തെറ്റുതിരുത്തുകയാണു പതിവ്.

എന്നാൽ, യുവാക്കൾ രണ്ടുപേരും ആദ്യമായി തങ്ങളുടെ വ്യക്തിഗത ലോണുകൾ ഒന്നിച്ച് അടച്ചുതീർത്തു. ഇതിനു ശേഷം രണ്ടുപേരും കൂടി ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള 4 ഫോണുകൾ വാങ്ങി. ഓഹരിവിപണിയിലായിരുന്നു അടുത്ത കമ്പം. ബാങ്ക് അബദ്ധം മനസിലാക്കി പണം തിരിച്ചെടുക്കും മുൻപു പണം ചെലവാക്കിത്തീർക്കാൻ വേണ്ടി ഇരുവരും പരസ്പരം മത്സരിച്ചു.

ഓഹരിവിപണ‍ിയിലും ഓൺലൈൻ ട്രേഡിങ്ങിലുമായി ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചു. ഓൺലൈനായി പുതിയ ബാങ്കുകളിൽ അക്കൗണ്ട് തുറന്ന് 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്കു പണം മാറ്റി. ഓൺലൈൻ ആയി 171 ഇടപാടുകളും നടത്തി. ഒടുവിൽ ബാങ്ക് പിഴവു മനസ്സിലാക്കി പൊലീസിനു പരാതി നല്‍കിയപ്പോൾ യുവാക്കൾ കുടുങ്ങി. ഇവർക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ലെന്നു സൈബർ ക്രൈം എസ്എച്ച്ഒ ബ്രിജുകുമാർ അറിയിച്ചു.

Related Articles

Latest Articles