Thursday, April 25, 2024
spot_img

എന്തുകിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം; ഒളിയമ്പുമാമായി പി ജയരാജന്‍; മാധ്യമങ്ങള്‍ക്ക് എതിരെയും രൂക്ഷവിമശനം

കണ്ണൂർ: പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്തുകിട്ടും എന്നതല്ല, നിലപാടാണ് പ്രധാനമെന്ന് സിപിഎം (CPM) സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. കണ്ണൂരിലെ പാമ്പന്‍മാധവന്‍ അനുസ്മര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍. തന്നെ തഴഞ്ഞോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കണ്ണൂരിലെ മുതിര്‍ന്ന നേതാവായ ജയരാജനെ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം.

വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോൺഗ്രസിനുണ്ടോയെന്നും സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിക്കാതെ പോയ പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫിഷ്യൽസ് എന്ന ഫെയ്സ്ബുക്ക്‌ പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം” എന്നാണ് റെഡ് ആർമി ഒഫീഷ്യൽസെന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്. പി ജയരാജനെ പിന്തുണയ്ക്കുന്ന ഇതര പ്രൊഫൈലുകളിലും പിന്തുണ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles