ദില്ലി ; പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ നേരത്തേ നേതൃത്വം നൽകിയിരുന്ന ‘ഹർക്കത്തുൽ മുജാഹിദീൻ’ എന്ന സംഘടനയ്ക്ക് പാക്ക് ചാരസംഘടനയായ ഇന്റർ സ്റ്റേറ്റ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) സാമ്പത്തികസഹായം ലഭിച്ചിരുന്നതായി യുഎസിന്റെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെ രേഖ. 1996 മുതലുള്ള വിവരങ്ങളടങ്ങിയ രേഖ കഴിഞ്ഞ വർഷമാണ് സിഐഎ പുറത്തു വിട്ടത്.

1994ൽ ദക്ഷിണ കശ്മീരിൽനിന്ന് സുരക്ഷാസേന പിടികൂടുമ്പോൾ മസൂദ്, ഭീകരസംഘടനയുടെ ജനറൽസെക്രട്ടറി ആയിരുന്നു. ഹർക്കത്തുൽ അൻസാർ എന്നായിരുന്നു ആദ്യപേര്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ടഹാറിലേക്കു റാഞ്ചിക്കൊണ്ടു പോയത് ഈ സംഘടനയിലെ അംഗങ്ങളായിരുന്നു. അസറിന്റെ ഭീകരസംഘടനയ്ക്ക് പ്രതിമാസം 30000 മുതൽ 69000 ഡോളർ വരെ പാക്ക് ചാരസംഘടന നൽകിയിരുന്നതായി സിഐഎ രേഖകൾ പറയുന്നു. ഇന്ത്യയിൽ നിന്ന് മോചിതനായപ്പോഴാണു മസൂദ്, ജയ്ഷെ മുഹമ്മദിന് രൂപം നൽകിയത്.