Tuesday, May 7, 2024
spot_img

പെരുവണ്ണമുഴി കേസിൽ നിർണായക വഴിത്തിരിവ്; കടപ്പുറത്ത് നിന്നും ലഭിച്ച മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് പോലീസ്: ഡിഎൻഎ ഫലം പുറത്ത്

കോഴിക്കോട്: പെരുവണ്ണമുഴി സ്വർണ്ണക്കടത്തു തട്ടി കൊണ്ട് പോകൽ കേസിൽ നിർണായക വഴിതിരിവ്. കോടിക്കൽ കടപ്പുറത്തു നിന്നും കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് പോലീസ്. മാതാപിതാക്കളുടെയും, മൃതദേഹത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലം ഒന്നാണെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട് റൂറൽ എസ്പിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സംഭവത്തിൽ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. വിദേശത്തുള്ള സാലിഹിനെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇയാളെ നാട്ടിലെത്തിക്കും. മൃതദേഹം ദീപക്കിന്റേതാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ദീപക്കിന്റെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്ന മുറയ്‌ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി പറഞ്ഞു.

സ്വർണക്കടത്ത് സംഘം ജൂലൈ ആറിനാണ് ഇർഷാദിനെ തട്ടിക്കൊണ്ട് പോയത്. ഇതിന് പിന്നാലെ ഇർഷാദിന്റെ മാതാ പിതാക്കളുടെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നീട് ഒരാഴ്ചയ്‌ക്ക് ശേഷം 17 ന് ഇർഷാദിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനത്തിൽ നിന്നും ഇർഷാദ് പുഴയിലേക്ക് ചാടിയെന്നാണ് സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ പോലീസിനോട് വ്യക്തമാക്കിയത്. ജൂലൈ 16 ന് കാറിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. ഇതിനിടെയാണ് മേപ്പയൂർ സ്വദേശിയായ ദീപകിനെയും കാണാതെയായത്.

 

Related Articles

Latest Articles