Thursday, May 9, 2024
spot_img

കുസാറ്റ് ദുരന്തം ! മരിച്ചവരിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും; പരിക്കേറ്റ് ചികിത്സയിലുള്ളത് 61 പേർ

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടന്ന ടെക് ഫെസ്റ്റലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. 61 പേരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം ആസ്വദിക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപ്രതീക്ഷിത അപകടം. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.

ഇതിന്റെ ഭാഗമായുള്ള ഗാനസന്ധ്യയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി കൂടുതല്‍ പേര്‍ ഗേറ്റിന് പുറത്തു കാത്തുനിന്നിരുന്നു. മഴ ചാറിയതോടെ ഗേറ്റ് തള്ളിത്തുറന്ന് കുട്ടികള്‍ കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുകയും ഗേറ്റ് കടന്ന വിദ്യാർത്ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് കരുതുന്നത്.

അപകടത്തിൽ കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരൻ പ്രതികരിച്ചിട്ടുണ്ട്
“വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ നടന്നതിനുശേഷം വിവിധ മത്സര ഇനങ്ങളും പ്രൊഫഷനല്‍ ടോക്കുകളും നടക്കുകയായിരുന്നു. ഗാനസന്ധ്യയെന്ന മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന് കുട്ടികള്‍ ക്രമീകരിച്ചിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങിലെയും മറ്റു ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. കൂടാതെ സമീപത്തുള്ള കോളജിലെ കുട്ടികളും സമീപവാസികളും പരിപാടിക്ക് എത്തിയിരുന്നു. മഴചാറിയതോടുകൂടി, എല്ലാവരും അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും, എന്‍ട്രന്‍സിലെ സ്റ്റെപ്പില്‍ കുട്ടികള്‍ മറിഞ്ഞുവീഴുകയും ചെയ്‌തെന്നാണു നിലവില്‍ ലഭ്യമാകുന്ന വിവരം” – കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരൻ പറഞ്ഞു

Related Articles

Latest Articles