Wednesday, May 22, 2024
spot_img

ബെംഗളൂരു രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിന് മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഡി.കെ. ശിവകുമാർ ; മംഗളൂരു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത്

ബെംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിന് മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു സ്‌ഫോടനങ്ങൾക്കും ഉപയോഗിച്ച വസ്‌തുക്കളിലും സ്‌ഫോടനത്തിന്റെ രീതിയിലും സാമ്യമുണ്ട്.

‘‘രാമേശ്വരം കഫേയിലെ സ്‌ഫോടനത്തിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി കർണാടക പോലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 2022ൽ മംഗളൂരുവിലുണ്ടായ സ്‌ഫോടനവുമായി ഈ സംഭവത്തിനു ബന്ധമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇരു സ്‌ഫോടനങ്ങൾക്കും ഉപയോഗിച്ച വസ്‌തുക്കളിലും സ്‌ഫോടനത്തിന്റെ രീതിയിലും സാമ്യമുണ്ട്. മംഗളൂരു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ നഗരവാസികൾ ആകുലപ്പെടേണ്ടതില്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. പ്രതിയുടെ ചിത്രം ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ പ്രതിയെ ഉടനെ പിടികൂടാനാകും. സ്‌ഫോടനം സെൻട്രൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ’’– ഡി കെ ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 9 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 3 പേർ കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനിടയായത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയുടേത് എന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വിട്ടു. നാല് പേർ സംഭവത്തിൽ കസ്റ്റഡിയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

2022 നവംബറിലാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകവേ മംഗളൂരുവിൽ കുക്കറിൽ ഐഇഡി സ്‌ഫോടനമുണ്ടായത്. ഇത് പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles