ഇസ്ലാമാബാദ് : അധോലോക നായകൻ ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായി.പാകിസ്ഥാൻ സ്വദേശിനിയും പത്താൻ കുടുംബാംഗവുമായ പെൺകുട്ടിയാണ് ദാവൂദിന്റെ രണ്ടാം ഭാര്യ.ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനായ അലിഷയാണ് വെളിപ്പെടുത്തൽ നടത്തിയത്.
അധോലോക തീവ്രവാദ ഫണ്ടിംഗ് കേസിൽ എൻഐഎ അലിഷയെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദിന്റെ രണ്ടാം വിവാഹക്കാര്യവും പുറത്ത് വന്നത്. ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജാബിയെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും അവർ ഇപ്പോൾ കറാച്ചിയിലാണ് താമസിക്കുന്നതെന്നും അലിഷ മൊഴി നൽകി .
2022 സെപ്റ്റംബറിലാണ് അലി എൻഐഎയ്‌ക്ക് മുൻപാകെ മൊഴി നൽകിയത്. തുടർന്ന് എൻഐഎ പലയിടത്തും റെയ്ഡ് നടത്തുകയും ദാവൂദിന്റെ ശൃംഖലയിൽപ്പെട്ട ഒട്ടനവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു ശേഷം ഏജൻസി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. മഹ്ജാബിയിൽ നിന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ തിരിക്കാനാണ് ദാവൂദ് രണ്ടാം വിവാഹം കഴിച്ചത് എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2022 ജൂലൈയിൽ ദുബായിൽ വെച്ചാണ് അലിഷ ദാവൂദിന്റെ ആദ്യ ഭാര്യ മഹ്ജാബിയെ കണ്ടുമുട്ടുന്നത്. ഈ സന്ദർഭത്തിലാണ് ദാവൂദ് വീണ്ടും വിവാഹിതനായ വിവരം മഹ്ജാബി വെളിപ്പെടുത്തിയത്. വാട്സ്ആപ്പ് കോളുകളിൽ മഹ്ജാബി ഇന്ത്യയിലെ ബന്ധുക്കളുമായി സംസാരിക്കാറുണ്ട്.

