റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജി വയ്ക്കണം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
deplorable-condition-of-roads-hc-slams-kochi-corporation
deplorable-condition-of-roads-hc-slams-kochi-corporation

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. കഴിവുള്ള നിരവധി ആളുകള്‍ പുറത്തുണ്ട്, നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണമെന്ന് കോടതി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകി. കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായി. റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്താണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

എന്നാൽ റോഡുകള്‍ തകര്‍ന്നാല്‍ ഉടനടി നന്നാക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നായിരുന്നു കൊച്ചി നഗരസഭ പറഞ്ഞത്. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളില്‍ കാണുന്ന അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യാനും സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.