Thursday, April 25, 2024
spot_img

പണം കൊടുത്ത് ഭക്ഷണം വാങ്ങിക്കഴിച്ച് മരിക്കേണ്ട ഗതികേടിൽ കേരള ജനത

പണം കൊടുത്ത് ഭക്ഷണം വാങ്ങിക്കഴിച്ച് മരിക്കേണ്ട ഗതികേടിൽ കേരള ജനത. പരിശോധനയും നടപടികളും കടലാസിലൊതുക്കി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നോക്കുകുത്തിയായതോടെയാണ് ഈ അവസ്ഥ അനുഭവിക്കേണ്ടി വന്നത്.

ചെറുതും വലുതുമായ ഹോട്ടലുകളെ തോന്നുംപടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ ദുരന്തമാണ് കഴിഞ്ഞദിവസം കാസര്‍ഗോഡ് ചെറുവത്തൂരില്‍ 16കാരി ദേവനന്ദയുടെ മരണത്തിന് കാരണമായത്. കേരളത്തില്‍ ഹോട്ടുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത് കണ്ട കാലം മറന്നു. എവിടെയെങ്കിലും ആരെങ്കിലും മരിച്ചാലോ കൂട്ടത്തോടെ ആശുപത്രിയിലായാലോ കുറച്ചു നാള്‍ പരിശോധനയുടെ ബഹളമാണ്,

അത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു. സഞ്ചരിക്കുന്ന പരിശോധനാ ലബോറിട്ടറികള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കുമായി പ്രതിവര്‍ഷം കോടികളാണ് വകുപ്പിനായി ചെലവഴിക്കുന്നത് എന്നാല്‍ അതൊന്നും ഫലം കാണുന്നില്ല. എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണെന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജനത്തിന് ഉപകാരപ്പെടുന്നില്ലെന്നതാണ് വസ്തുത. അടുത്തിടെ ഇടുക്കിയില്‍ ചീഞ്ഞ മത്സ്യം കഴിച്ച്‌ നിരവധി പേര്‍ ആശുപത്രിയിലായതിന് പിന്നാലെ നല്ല ഭക്ഷണം നാടിന്റെ അവകാശമെന്ന പേരില്‍ ക്യാമ്ബൈന്‍ നടത്തുന്നതിനിടെയാണ് ദേവനന്ദയുടെമരണം.

പിന്നാലെ ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയും എത്തിയിരുന്നു. റോഡരികിലെ മണ്ണും പൊടിയും ഉള്‍പ്പെടെ സകലമാലിന്യങ്ങളും അടിഞ്ഞുകൂടുന്ന ഷവര്‍മ്മ കോര്‍ണറുകളെ ഇത്രയും നാള്‍ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പും കാണാതെ പോയത് അത്ഭുതകരമാണ്.

ഷവര്‍മയ്ക്ക് പയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാത്തതും പച്ചമുട്ടയില്‍ ഉണ്ടാക്കുന്ന മയോണൈസ് സമയം കഴിയുംതോറും ബാക്ടീരിയയുടെ അളവ് കൂടുന്നതിനാല്‍ അപകടകരമാകുന്നതുമാണ് വിഷബാധയ്ക്കും മരണത്തിനും കാരണമാകുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കാന്‍ യാതൊരു പരിശോധനയും നാട്ടിലില്ല. പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാരെ വകുപ്പ് യഥാസമയം നിയമിക്കാത്തതാണ് മറ്റൊരു വസ്തുത. ആവശ്യത്തിന് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

140 നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിലും മൊബൈല്‍ ലാബുകളിലുമായി 160 ഓളം ഫുഡ് ഇന്‍സ്പെക്ടര്‍മാരെയാണ് വേണ്ടത്. ഇതില്‍ മണ്ഡലങ്ങളിലെ 54ഉം ജില്ലാ ഓഫീസുകളിലെയും മൊബൈല്‍ ലാബുകളിലെയും എട്ടും ഉള്‍പ്പെടെ 62 തസ്തികകളും കാലിയാണ്. പതിന്നാല് ജില്ലകളിലും മൊബൈല്‍ ലാബ് ഉണ്ടെങ്കിലും എട്ടെണ്ണം ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ വിശ്രമത്തിലാണ്. ചെക്ക് പോസ്റ്റുകളിലെയും ജില്ലകളിലെ മാര്‍ക്കറ്റുകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവിടങ്ങളിലെയും പരിശോധനയ്ക്കാണ് മൊബൈല്‍ ലാബുകള്‍ ഉപയോഗിച്ചിരുന്നത്.

സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളില്‍ ഗസറ്റഡ് തസ്തികകളില്‍ നിയമനം ലഭിച്ചവര്‍ പോയതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ മണ്ഡലങ്ങളിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍,ബേക്കറികള്‍,കടകള്‍, മാര്‍ക്കറ്റുകള്‍,ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ ആഴ്ചതോറും നടത്തിവന്ന പരിശോധനകള്‍ നിലച്ചു. ഈ പഴുതില്‍ ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വില്‍പ്പനയും വ്യാപകമാകുകയും ചെയ്തു. ഓണം, ശബരിമല മണ്ഡലകാലം,ക്രിസ്തുമസ്, പുതുവര്‍ഷം, വിഷു – റംസാന്‍ – ഈസ്റ്റര്‍ തുടങ്ങിയ ആഘോഷവേളകളിലെല്ലാം കാര്യക്ഷമമായി നടക്കേണ്ട ഭക്ഷ്യ സുരക്ഷാ പരിശോധന പേരിന് പോലുമില്ലാതായി.

വേനല്‍ക്കാലം ശീതള പാനീയങ്ങളുടെയും സര്‍ബത്തുകളുടെയും കച്ചവടക്കാലമായതിനാല്‍ അവിടെയും പ്രത്യേക ശ്രദ്ധവേണം. ശുദ്ധമായ വെള്ളവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകളുമാണോ ഇതില്‍ ഉപയോഗിക്കുന്നതെന്ന് മുന്‍വര്‍ഷങ്ങളില്‍ പരിശോധിച്ചിരുന്നു. രാസവസ്തുക്കള്‍ കലര്‍ത്തിയ പാലും മത്സ്യവും അതിര്‍ത്തി വഴി കടത്തുന്നത് തടയാനുള്ള പരിശോധനയും ഇപ്പോള്‍ സംസ്ഥാനത്ത് ഫലപ്രദമല്ല. ഇത് ആദ്യമായല്ല സംസ്ഥാനത്ത് ഷവര്‍മ്മ ദുരന്തം ഉണ്ടാകുന്നത്.

Related Articles

Latest Articles