Thursday, April 25, 2024
spot_img

ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; പത്മകുമാറിനെതിരെ വീണ്ടും ദേവസ്വം കമ്മീഷണര്‍; ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനമെന്നും എന്‍ വാസു

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ ഭിന്നത മറനീക്കി പുറത്തുവരുമ്പോള്‍ പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വീണ്ടും രംഗത്ത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനമാണെന്ന് എന്‍ വാസു ചൂണ്ടിക്കാട്ടി. പത്മകുമാറിന്‍റെ പരസ്യ നിലപാടുകളിലെ അതൃപ്തി അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എന്നാല്‍, സുപ്രീംകോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചതിനെതിരെ പത്മകുമാര്‍ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് പത്മകുമാര്‍ പരാതിപ്പെട്ടുവെന്നും ഇതാണ് സ്ഥിതിയെങ്കില്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം.

സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കുമെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

Related Articles

Latest Articles