മുംബൈ : എം.എസ്.ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം പൂർണ ആരോഗ്യവാനാണെന്നും രണ്ടു ദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും ചെന്നൈ സൂപ്പർ കിങ്സ് മനേജ്മെന്റും ആശുപത്രി അധികൃതരും വ്യക്തമാക്കി. ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ ധോണിയുമായി സംസാരിച്ചതായി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.
വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാലിനു ശസ്ത്രക്രിയ നടത്തിയ സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. ദിൻഷോ പർദിവാലയാണ് ധോണിക്കും സർജറി നടത്തിയത്. ഇന്നലെ വൈകുന്നേരമാണ് ധോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ധോണിയുടെ ചികിത്സയുടെ മേൽനോട്ടം വഹിക്കാൻ സിഎസ്കെ മാനേജ്‌മെന്റ് ടീം ഡോക്ടർ മധു തോട്ടപ്പിലിനെ മുംബൈയിലേക്ക് അയച്ചു. രണ്ട് മാസത്തിനുള്ളിൽ തന്നെ ധോണിക്ക് നടക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. കാൽമുട്ടനേറ്റ പരുക്ക് വകവയ്ക്കാതെ ഗാര്‍ഡും സ്ട്രാപ്പും ധരിച്ചാണ് ധോണി ഐപിഎലിൽ ഉടനീളം ചെന്നൈയ്ക്കായി കളത്തിലിറങ്ങിയത് .

