Wednesday, May 8, 2024
spot_img

കോടതി നേരിട്ട് വാദം കേൾക്കും: ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി; ഗുരുതര വകുപ്പ് കൂടി ചുമത്തി ക്രൈം ബ്രാഞ്ച്; വീണ്ടും അറസ്റ്റ് ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പോലീസ് ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി (High Court) ശനിയാഴ്‌ചയിലേക്ക് മാറ്റി. വളരെ പ്രധാനപ്പെട്ട കേസാണെന്നും വിശദമായ വാദം നേരിട്ട് കേൾക്കണമെന്നും കോടതി പറഞ്ഞു.

നാളെ രാവിലെ 10.15ന് ഹൈക്കോടതി നേരിട്ടു വിശദമായ വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും ജസ്റ്റിസ്‌ ടി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ച് വാദം കേൾക്കുക. ദീലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ള പ്രതികൾ ഹർജി നൽകിയിട്ടുണ്ട്.

കേസിൽ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120 ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ, ബാലചന്ദ്രകുമാറിന്റെ മൊഴിയും മറ്റു രേഖകളും മുദ്രവച്ച കവറിൽ പൊലീസ് കോടതിക്ക് കൈമാറും.

ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്.

Related Articles

Latest Articles