മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ ഗിരീഷ് മാലിക്കിന്റെ മകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് കണ്ടെത്തി പോലീസ്. അഞ്ചാം നിലയിൽ നിന്ന് കാൽ വഴുതി അപകടം സംഭവിച്ചതാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത് മകൻ മനൻന്റേത് ആത്മഹത്യ എന്നാണ്. ഹോളി ആഘോഷത്തിന് ശേഷം മുംബൈയിലെ ഹോളി സ്പ്രിംഗ്സിലെ ഫളാറ്റിലേക്ക് തിരികെ എത്തിയതായിരുന്നു മനൻ. ഹോളി ആഘോഷത്തിനിടെ തന്നെ മദ്യപിച്ചിരുന്ന മനൻ വീട്ടിലെത്തിയിട്ടും മദ്യപാനം തുടർന്നു. ഇത് കണ്ട അച്ഛൻ ഗിരീഷ് മദ്യപിക്കരുതെന്ന് താക്കീത് നൽകി. ഇതിൽ പ്രകോപിതനായ മനൻ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു അപകടം സംഭവിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

