ബേൺ : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്താനും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച നിർണായകമായ യു.എസ് – ഇറാൻ സമാധാന ചർച്ചകളിൽ കടുത്ത അസ്വാരസ്യം. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് പുരോഗമിക്കുന്ന ഉന്നതതല ചർച്ചകൾക്കിടെ, ഇറാനെതിരെ വീണ്ടും ഡൊണാൾഡ് ട്രമ്പ് പരസ്യ ഭീഷണിയുമായി രംഗത്തെത്തിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ലെബനനിലെ ഹിസ്ബുള്ളയെ സംഘർഷങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും തടയാൻ ഇറാൻ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം പുനരാരംഭിക്കുമെന്നായിരുന്നു ട്രമ്പിന്റെ പ്രസ്താവന.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രമ്പ് ഇറാനെതിരെ കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയത്. ഇറാൻ തങ്ങളുടെ സഖ്യകക്ഷികളെ നിയന്ത്രിച്ചില്ലെങ്കിൽ അമേരിക്ക വളരെ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ആ ആക്രമണം അതീവ കഠിനമായിരിക്കുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ പരസ്യമായി ഉയർന്ന ഈ ഭീഷണിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഇറാന്റെ ഔദ്യോഗിക പ്രതിനിധി സംഘം ചർച്ചാ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പ്രതിനിധികളുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറാൻ സംഘം ചർച്ചകളിൽ നിന്നും താൽക്കാലികമായി വിട്ടുനിന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

