Sunday, May 5, 2024
spot_img

വയറ് നിറച്ച് ഭക്ഷണം കഴിച്ചയുടന്‍ യോഗ ചെയ്യാറുണ്ടോ?എങ്കിൽ അത് ഇന്ന് തന്നെ നിർത്തുക,ദോഷങ്ങൾ ഏറെയുണ്ട്

ഒഴിവ് കിട്ടുന്ന സമയമാണ് പലരും യോഗയ്ക്കായി മാറ്റിവയ്ക്കാറ്. എന്നാൽ ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് നിങ്ങൾ യോഗ ചെയ്യാറുണ്ടോ? എങ്കിൽ ഇന്ന് തന്നെ അത് നിർത്തണം.യോഗയ്ക്ക് മുന്‍പ് കട്ടിയുള്ള ഭക്ഷണം ഒഴിവാക്കണം. വയറുനിറച്ച് ആഹാരം കഴിച്ചവര്‍ നാല് മണിക്കൂര്‍ ശേഷം മാത്രമേ യോഗയിലേര്‍പ്പെടാവൂ. ലഘുവായി ഭക്ഷണം കഴിക്കുകയാണെങ്കില്‍ യോഗയ്ക്ക് മുന്‍പ് രണ്ട് മണിക്കൂറെങ്കിലും ഇടവേളവേണം. യോഗയ്ക്ക് അര മണിക്കൂര്‍ മുമ്പ് ജ്യൂസ് കുടിക്കാം. യോഗ ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് വെള്ളവും കുടിക്കാം. എഴുന്നേറ്റയുടന്‍ യോഗ ചെയ്യുന്നവരാണെങ്കില്‍ വെറും വയറ്റില്‍ ചെയ്യുന്നതാണ് ഉത്തമം. അതേസമയം, ഉണര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് യോഗയ്ക്കായി സമയം കണ്ടെത്തുന്നതെങ്കില്‍ അത്രയും സമയം വിശന്നിരിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട്, പെട്ടെന്ന് ദഹിക്കുന്ന പഴങ്ങളോ ജ്യൂസോ ഒക്കെ യോഗ തുടങ്ങുന്നതിന് മുമ്പ് കഴിക്കാം. യോഗ ചെയ്യുന്നതിനിടയില്‍ വിശപ്പ് അനുഭവപ്പെട്ടാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരും.

യോഗാസനങ്ങള്‍ ശരിയായി ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. അതിനാല്‍, നട്ട്‌സ് , ഡ്രൈ ഫ്രൂട്ട്‌സ് മുതലായവ കഴിക്കാം. രാവിലെ യോഗ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വൈകിട്ട് അത്താഴത്തിന് മുന്‍പുള്ള സമയമാണ് ഏറ്റവും അനുയോജ്യം. രാവിലെ താമസിച്ച് യോഗ ചെയ്യുമ്പോള്‍ പിന്തുടരുന്ന ഭക്ഷണക്രമം തന്നെയാണ് വൈകുന്നേരങ്ങളില്‍ യോഗ ചെയ്യുമ്പോഴും പാലിക്കേണ്ടത്. യോഗ ചെയ്തതിന് ശേഷം അത്താഴം കഴിക്കുമ്പോള്‍ അത് ലഘുവാക്കാന്‍ ശ്രദ്ധിക്കണം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, തേന്‍ എന്നിവയാണ് യോഗയ്ക്ക് അനുയോജ്യമായ ആഹാരം. കാര്‍ബണേറ്റഡ് പാനീയങ്ങളും എരിവ് കൂടിയതും അമിതമായി ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണയില്‍ വറുത്തെടുത്തവയും യോഗ ചെയ്യുന്നവര്‍ക്ക് യോജിച്ചതല്ല.

കാരണം, ഇവ പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും തോന്നാന്‍ ഇടയാക്കും. യോഗാസനങ്ങള്‍ ചെയ്ത് കഴിയുമ്പോള്‍ വിശപ്പ് വര്‍ദ്ധിച്ചതായി തോന്നുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പകരം, എളുപ്പത്തില്‍ ദഹിക്കുന്ന ആരോഗ്യകരമായ വിഭവങ്ങള്‍ കഴിക്കാം. യോഗ ചെയ്തുകഴിഞ്ഞയുടന്‍ ഭക്ഷണം കഴിക്കുകയും ചെയ്യരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇടവേളയിട്ട ശേഷമേ ഭക്ഷണം കഴിക്കാവൂ. യോഗ ചെയ്യുന്നവര്‍ വെള്ളം കുടിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. യോഗ തുടങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതേസമയം, യോഗ ചെയ്യുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണശ്രദ്ധ നല്‍കാന്‍ കഴിയാതെവരും. അതുപോലെ അമിതമായി തണുത്ത വെള്ളവും ഒഴിവാക്കണം.

Related Articles

Latest Articles