Friday, May 17, 2024
spot_img

ഡോ. വന്ദന ദാസ് കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി. എഎസ്‌ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയുടേതാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്നാണ് ഡിഐജി കണ്ടെത്തിയത്. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ലെന്നും കണ്ടെത്തി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വയരക്ഷ നോക്കരുതെന്ന നിയമം ലംഘിച്ചതായും ഓടിപ്പോയത് പോലീസിന്റെ സത്പേരിന് കളങ്കമായെന്നും ഡിഐജി വിമർശിച്ചു.

മേയ് 10-ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ പ്രതി ജി സന്ദീപ് ഡോ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. വൈദ്യപരിശോധനക്ക് പോലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ചികിത്സയ്‌ക്കിടെ അക്രമാസക്തനാകുകയും ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

Related Articles

Latest Articles