Thursday, May 16, 2024
spot_img

പാവപ്പെട്ടവർക്ക് സ്വപ്‌നം കാണാനും ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയുമെന്നതിന് തെളിവ്! സ്വാതന്ത്ര്യസമര സേനാനികൾക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു, അതെല്ലാം നിറവേറ്റും: രാജ്യം തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ദില്ലി: ഇന്ത്യയുടെ മഹത്വം വിളിച്ചോതി രാജ്യത്തെ അഭിസംബോധന ചെയ്തു. കോടിക്കണക്കിന് പേർക്ക് ആശ്വാസവും പ്രതീക്ഷയുമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് തനിക്കെത്താൻ കഴിഞ്ഞത് ഭാരതമെന്ന ഈ മഹാരാജ്യത്തിന്റെ സവിശേഷതയാണെന്നും പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുർമു വ്യക്തമാക്കി.

രാജ്യം തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും യുവാക്കൾക്കും സ്ത്രീകൾക്കും പ്രഥമ പരിഗണന നൽകുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. പാവപ്പെട്ടവർക്ക് സ്വപ്‌നം കാണാനും ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയുമെന്നതിന് തെളിവാണ് ഈ രാഷ്‌ട്രപതി പദവിയെന്ന് മുർമുചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു വനവാസി ഗോത്രവിഭാഗത്തിൽ നിന്ന്, വിദ്യാഭ്യാസമെന്നത് സ്വപ്‌നം പോലും കാണാൻ കഴിയില്ലെന്ന് കരുതിയ ഇടത്ത് നിന്ന്, ഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തുവെക്കുന്ന തന്റെ ഗ്രാമത്തിലെ ആദ്യ വ്യക്തിയായി മാറി. അവിടെ നിന്നും ഭാരതത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തി. ഇവിടുത്തെ ഓരോ പാവപ്പെട്ടവന്റെയും വനവാസിയുടെയും വിജയത്തിന്റെ പ്രതീകമാണ് താൻ. അവരോരുത്തരുടെയും മുന്നോട്ടുള്ള വളർച്ചയ്‌ക്ക് താൻ പ്രചോദനമാകുമെന്നും ദ്രൗപദി മുർമു കൂട്ടിച്ചേർത്തു.

ഈ രാഷ്‌ട്രപതി സ്ഥാനം ഒരിക്കലും തന്റെ വ്യക്തിപരമായ നേട്ടമല്ല. ഇത് രാജ്യത്തെ പാവപ്പെട്ടവരുടെ വിജയമാണ്. ഒരു പാവപ്പെട്ട വനവാസി പെൺകുട്ടിയിൽ നിന്നും ഇവിടെ വരെയെത്താൻ കഴിഞ്ഞത് ഇന്ത്യയെന്ന രാജ്യത്തിന്റെ മഹത്വമാണ്, ഈ രാജ്യം നൽകുന്ന അവസരങ്ങളാണ്. ഓരോ പാവപ്പെട്ടവനും സ്വപ്‌നം കാണാനും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുമുള്ള അവസരം ഈ രാജ്യം അവർക്ക് നൽകും. അതിന്റെ ഉദാഹരണവും പ്രതീകവുമാണ് താനെന്നും മുർമു പറഞ്ഞു.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം നിറവേറ്റുമെന്നും രാജ്യത്തിന്റെ ഉന്നമനമാണ് ലക്ഷ്യമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. രാജ്യത്തെ ഓരോ പെൺകുട്ടിയും വിവിധ മേഖലകളിൽ അവരുടെ പ്രതിഭ തെളിയിക്കട്ടെ. അതിനുള്ള അവസരങ്ങൾ ഒരുങ്ങട്ടെയെന്നും അതിനാണ് തന്റെ പ്രയത്‌നമെന്നും രാഷ്‌ട്രപതി പറഞ്ഞു. ഈ രാജ്യത്തിന്റെ രക്ഷയ്‌ക്ക് അഹോരാത്രം കാവൽ നിൽക്കുന്ന ധീരസൈനികർക്കും രാജ്യത്തിന്റെ സർവസൈന്യാധിപയെന്ന നിലയിൽ ദ്രൗപദി മുർമു ആദരവ് അർപ്പിക്കുകയും ചെയ്തു.

 

Related Articles

Latest Articles