കോഴിക്കോട് : തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ ഒടുവിൽ വീണ്ടും പിടിയിലായി. ആന്ധ്രപ്രദേശ് – കർണാടക അതിർത്തിയിൽവെച്ച് ഒരു ട്രെയിനിൽനിന്നാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും (ആർ.പി.എഫ്) കൃത്യമായ സഹായത്തോടെയാണ് പ്രതിയെ വീണ്ടും വലയിലാക്കാൻ കേരള പോലീസിന് സാധിച്ചത്.
കഴിഞ്ഞ മേയ് 23-നായിരുന്നു മുക്കം പോലീസിന്റെ കസ്റ്റഡിയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടത്. ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘം തെളിവെടുപ്പിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽവെച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതി കൈവിട്ടുപോയതോടെ കോഴിക്കോട് റൂറൽ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
കേരളത്തിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരിൽ പ്രധാനിയായ നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫയെ കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് നേരത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഇയാളെ ഡാൻസാഫ് സംഘം ദീർഘനാളായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ദില്ലിയിൽ നിന്ന് നാട്ടിലെത്തി മയക്കുമരുന്ന് വിൽപ്പനയ്ക്കായി പോകുന്നതിനിടെയാണ് ഇയാൾ ആദ്യമായി പിടിയിലാകുന്നത്.
ആദ്യം 500 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫയെ പിടികൂടിയതെങ്കിലും തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്നിന്റെ വൻശേഖരത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇയാൾ വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന മുക്കം മണാശേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ എംഡിഎംഎ കൂടി പോലീസ് കണ്ടെത്തുകയായിരുന്നു. ഈ കേസിലെ കൂടുതൽ തെളിവെടുപ്പുകൾക്കായി കൊണ്ടുപോകുന്നതിനിടെയാണ് നാടകീയമായി പ്രതി രക്ഷപ്പെട്ടതും ഇപ്പോൾ വീണ്ടും പോലീസിന്റെ പിടിയിലായതും.

