Friday, October 16, 2026

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കൾ കമ്പ് കഴുത്തിൽ കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു;പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു.അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

റബ്ബര്‍ കമ്പ് കൊണ്ടാണ് വിജയകുമാരിയെ പ്രതികള്‍ കുത്തിയത്.അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് മരണപ്പെട്ടത്. അയല്‍വാസികളായ അനീഷ്, നിഖില്‍ എന്നിവരാണ് പ്രതികള്‍.
നിലവില്‍ വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ ഇരുപ്രതികളും റിമാന്‍ഡിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.

Related Articles

Latest Articles