Wednesday, September 30, 2026

‘സുധാകരനെതിരെ മൊഴി നൽകാൻ ഡിവൈഎസ്പി നിർബന്ധിച്ചു; ഇല്ലെങ്കിൽ ഭാര്യയും മക്കളും അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി’ ഗുരുതരാരോപണങ്ങളുമായി മോൻസൻ മാവുങ്കൽ കോടതിയിൽ

കൊച്ചി : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മൊഴി നൽകാൻ തനിക്കെതിരായ പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി റസ്തം തന്നെ നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ കോടതിയിൽ പറഞ്ഞു. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം മോൻസൻ വ്യക്തമാക്കിയത്.

“പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നതായി മൊഴി നൽകണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി മുഴക്കി. ഭാര്യയെയും മക്കളെയും ഡിവൈഎസ്പി അപമാനിച്ചു. എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതു പോലെ നിന്റെ കുടുംബവും ഇപ്പോൾ അടിമകളാണെന്ന് പറഞ്ഞു” – മോൻസൻ കോടതിയെ അറിയിച്ചു.

ഇന്നലെ പോക്സോ കേസ് വിധി വന്നശേഷം ഡിവൈഎസ്പി റസ്തമാണ് മോൻസനെ ജയിലിലേക്കു കൊണ്ടുപോയത്. ഇതിനിടെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിനു സമീപമുള്ള പെട്രോൾ പമ്പിൽ എത്തിച്ചശേഷം കെ.സുധാകരനെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോൾ മോൻസൻ മാവുങ്കൽ കോടതിയെ അറിയിച്ചത്. വളരെ മോശപ്പെട്ട ഭാഷയിലും ഭീഷണിയുടെ സ്വരത്തിലുമാണ് ഡിവൈഎസ്പി സംസാരിച്ചതെന്നും. 25 ലക്ഷം സുധാകരൻ തന്റെ കയ്യിൽനിന്ന് വാങ്ങിയെന്ന് പറയാനും നിർബന്ധിച്ചെന്നും തനിക്കൊപ്പം ജയിലിൽനിന്നു വന്ന രണ്ടു പൊലീസുകാർ ഇതിന് സാക്ഷികളാണെന്നും മോൻസൻ പറഞ്ഞു. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതി നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. എന്നാൽ സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ലന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതോടെ എം.വി. ഗോവിന്ദൻ പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന മോൻസന്റെ വെളിപ്പെടുത്തൽ.

Related Articles

Latest Articles