Friday, October 9, 2026

സെക്കന്തരാബാദിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടുത്തം , എട്ട് മരണം, നിരവധിപേർക്ക് പരിക്ക്  

ബെംഗളൂരു: സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ഉണ്ടായ തീപിടിത്തം മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലേക്ക് അതിവേഗം പടർന്നതായി പോലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാർക്കിങ് ഏരിയ, ഷോറൂം, ബേസ്‌മെന്റ് എന്നിവിടങ്ങളിലെ വാഹനങ്ങൾക്ക് തീപിടിച്ചതിനെ തുടർന്ന് കനത്ത പുക പടർന്നു. തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും അതിഥികളും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ കെട്ടിടത്തിൽ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി. തീപിടുത്തത്തിൽ പരിക്കേറ്റവരെ സെക്കന്തരാബാദിലെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ എല്ലാവർക്കും മികച്ച ചികിത്സ നൽകുന്നുമെന്നും അപകടം നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി ടി ശ്രീനിവാസ് യാദവ് പറഞ്ഞു.

ആളുകൾ തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഡ്രെയിൻ പൈപ്പ് ലൈനുകൾ ഉപയോഗിച്ച് താഴേക്ക് ഇറങ്ങുന്നതുമായ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി, സിറ്റി പോലീസ് കമ്മീഷണർ സി വി ആനന്ദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Latest Articles