Friday, May 17, 2024
spot_img

ശശി തരൂരിന്റെ വാദങ്ങൾ തള്ളി; ശക്തമായ താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. ബിജെപി ലീഗൽ സെൽ കൺവീനർ ജെ. പത്മകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവരാണ് സ്റ്റേറ്റ് ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പരാതി നൽകിയത്.

ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങൾ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷൻ വിലയിരുത്തി. തൻ്റെ പരാമർശങ്ങൾ എതിർ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശിതരൂരിൻ്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞു.

മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും സാഹചര്യം വച്ച് നോക്കുമ്പോൾ ഇത് എതിർ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാകും. ജാതിയവും മതപരവുമായ വികാരങ്ങളെ ഹനിക്കുന്ന പ്രസ്താവനകൾ നടത്താൻ പാടില്ലാത്തതാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുതെന്നും മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ചുമതലയുള്ള സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ശക്തമായ താക്കീത് നൽകി.

തെളിവുകളോ രേഖകളോ ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അഭിമുഖത്തിൻ്റെ ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഉടൻ നിർത്തണമെന്നും ഏതെങ്കിലും തരത്തിൽ അവ പ്രസിദ്ധപ്പെടുത്തരുതെന്നും അങ്ങനെയുള്ളവ പിൻവലിക്കണമെന്നും ദൃശ്യമാദ്ധ്യമത്തിന് കമ്മിഷൻ നിർദ്ദേശം നൽകി.

Related Articles

Latest Articles