സംസ്ഥാനത്ത് ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാടിനെതിരേ എതിർപ്പുമായി ഭരണപക്ഷ എംഎൽഎയും തിരുവനന്തപുരം മുൻ മേയറുമായ വി കെ പ്രശാന്ത് എംഎൽഎ രംഗത്ത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വി കെ പ്രശാന്ത് തന്റെ എതിർപ്പറിയിച്ചത്. തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച്
നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നുമാണ് വി കെ പ്രശാന്ത് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്.
ഇലക്ട്രിക് ബസ് ലാഭത്തിലല്ലെന്നും വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന കാശിന് 4 സാധാരണ ബസ് വാങ്ങാമെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“ഇലക്ട്രിക് ബസ് എത്രനാൾ പോകും എന്ന കാര്യം ഉണ്ടാക്കിയവർക്കും അറിയില്ല എനിക്കും അറിയില്ല. അതാണ് യാഥാർഥ്യം. ഡീസൽ വണ്ടി വാങ്ങുമ്പോൾ 24 ലക്ഷം രൂപ കൊടുത്താൽ മതി. ഇതിന് ഒരു കോടി രൂപ കൊടുക്കണം. ഈ ഒരു വണ്ടിയുടെ വിലക്ക് 4 ഡീസൽ വണ്ടികൾ വാങ്ങിക്കാം. അപ്പോൾ നാട്ടിൽ ഇഷ്ടം പോലെ വണ്ടികാണും. കെഎസ്ആർടിസിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വർധിപ്പിച്ചാൽ മാത്രമേ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ഉണ്ടാകൂ. നിലവിൽ കെഎസ്ആർടിസിക്ക് ശമ്പളം കൊടുക്കുന്നതും പെൻഷൻ കൊടുക്കുന്നതും സംസ്ഥാന സർക്കാരാണ്. കെഎസ്ആർടിസിയുടെ ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ആർടിസിയുടെ തനതായ ഫണ്ട് വേണം” എന്നായിരുന്നു ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്

