ആലുവ തോട്ടുമുഖത്ത് ഇലക്ട്രോണിക് കടയില്‍ വൻ തീപിടിത്തം. ഐ ബെല്‍ കമ്പനിയുടെ ഉപകരണങ്ങൾ വില്‍ക്കുന്ന കടയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രദേശവാസികളാണ് കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കാണുന്നത്. ഞായറാഴ്ച അവധിയായതിനാൽ ജീവനക്കാർ കടയിലുണ്ടായിരുന്നില്ല. നിമിഷ നേരം കൊണ്ട് കെട്ടിടത്തെ പൂർണ്ണമായും വിഴുങ്ങി. പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് പോലീസും അഗ്നിരക്ഷാ സേനയേയും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ട് ആണോ അപകടത്തിനിടയാക്കിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, അഗ്നിരക്ഷാസേനാംഗങ്ങൾക്കോ പോലീസിനോ അകത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുറത്തുനിന്ന് വെള്ളം അകത്തേക്ക് പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

