Sunday, April 28, 2024
spot_img

സംസ്ഥാനത്ത് പകർച്ചവ്യാധി മരണങ്ങൾ വർദ്ധിക്കുന്നു; വേണ്ടത്ര ജീവനക്കാരില്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു

തൃശ്ശൂർ: ഒരുവശത്ത് പകർച്ചവ്യാധി മരണങ്ങൾ വർദ്ധിക്കുമ്പോൾ മറുവശത്ത് വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ജില്ലാതലത്തിൽ 45 ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ 23 എണ്ണവും ബ്ലോക്ക് തലത്തിൽ 176 ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിൽ 76 എണ്ണവും പഞ്ചായത്ത് തലത്തിൽ എണ്ണൂറിലേറെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളിൽ 122 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കരാർ ജീവനക്കാരെ നിയമിച്ച് സ്ഥിരം നിയമനങ്ങൾ സർക്കാർ അട്ടിമറിക്കുമോയെന്ന്, നിയമനം കാത്തിരിക്കുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളും ആശങ്കപ്പെടുന്നു.

റൂറൽ ഹെൽത്ത് ഓഫിസർ റാങ്കിലുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാരാണ് ഓരോ പ്രദേശത്തും സ്വീകരിക്കേണ്ട മുൻകരുതൽ–പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. 1964 ലെ സ്റ്റാഫ് പാറ്റേൺ തുടരുന്ന ബ്ലോക്ക് തലത്തിൽ 2014 ൽ 106 അധിക തസ്തികകൾ സൃഷ്ടിച്ചിട്ടും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല.
ശുചീകരണ–കൊതുകു നിവാരണ പ്രവർത്തനങ്ങൾ പാളിയതാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഡിഎംഒയുടെ നേതൃത്വത്തിൽ ഡെങ്കി വ്യാപനം വിലയിരുത്തുന്നതിനു ചേർന്ന യോഗങ്ങളിലെ പരിഹാര നിർദേശങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥരില്ലെന്നാണ് ആക്ഷേപം.

ഓരോ പഞ്ചായത്ത് വാർഡിനും 20,000 രൂപ വീതം അനുവദിച്ചുകൊണ്ടുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാടേ താളംതെറ്റി. കൊതുകു നിവാരണത്തിനുള്ള ഫോഗിങ്, ഉറവിട നശീകരണം, കാടു വെട്ടിത്തെളിക്കൽ തുടങ്ങിയവ മേൽനോട്ടമില്ലാത്തതിനാൽ പലയിടത്തും നടന്നിട്ടില്ല.

Related Articles

Latest Articles