Thursday, April 25, 2024
spot_img

വിവാദങ്ങളും പ്രതിസന്ധികളും അതിജീവിച്ച് ജയസൂര്യ ചിത്രം ഈശോ ഒടിടിയിൽ റീലിസായി; മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തു

കൊച്ചി : ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന നാദിർഷ ചിത്രം ഈശോ ഒടിടിയിൽ റീലിസായി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി സോണി ലൈവിലൂടെ നാളെ ഒക്ടോബർ 5ന് റിലീസാകുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പ് ഇന്ന് ഒക്ടോബർ നാല് മുതൽ ചിത്രം ഒടിടി പ്രദർശനം തുടങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തിരിക്കുന്നത്. വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ സോണി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്തിരുന്നു. ട്രെയ്‌ലർ ഏറെ ജനശ്രദ്ധനേടിയിരുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുൺ നാരയണൻ പ്രൊഡക്ഷന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമിച്ചരിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രത്തിൻറെ സംഗീതം സംവിധായകനും. ബിജിഎം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. നമിത പ്രമോദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിൻറെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. കൂടാതെ ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles