പാരീസ്: യുക്രെയിനു മേൽ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ശക്തമായ നീക്കങ്ങളാണ് രാജ്യത്തിനെതിരെ ആരംഭിച്ചിരിക്കുന്നത് (European Countries Against Russia). ഇപ്പോഴിതാ റഷ്യയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഫ്രാൻസ്. ആണവായുധങ്ങൾ കൈവശം ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്‌സ് ലെ ഡ്രിയാൻ പറഞ്ഞത്.
എന്നാൽ യുക്രെയ്‌നും തങ്ങളുമായുള്ള പ്രശ്‌നത്തിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ഒരിക്കലും നേരിടാത്ത തരത്തിലുള്ള അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നാണ് പുടിൻ ഇന്നലെ പറഞ്ഞത്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയാണ് റഷ്യ ഉയർത്തുന്നതെന്നും ഡ്രിയാൻ ആരോപിച്ചു. ‘ അറ്റ്‌ലാന്റിക് സഖ്യവും ഒരു ന്യൂക്ലിയർ സഖ്യമാണെന്ന് പുടിൻ മനസിലാക്കണം. അതാണ് ഇപ്പോൾ പ്രധാനമായും പറയാനുള്ളതെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്‌ക്കായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 7000 സൈനികരെ ജർമ്മനിയിൽ വിന്യസിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം റഷ്യക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. അമേരിക്കയ്‌ക്ക് പിന്നാലെയാണ് കാനഡയുടെ നടപടി. അടിയന്തിര സൈനിക നീക്കംകൊണ്ട് ഗുണില്ലെന്ന് കണ്ടതോടെയാണ് സാമ്പത്തിക വാണിജ്യ ഉപരോധവുമായി കാനഡയും നീങ്ങുന്നത്. റഷ്യൻ ബാങ്കുകളുടെ പ്രവർത്തനം മരവിപ്പിച്ച കാനഡ, പ്രമുഖരുടേയും കമ്പനികളുടേയും അക്കൗണ്ടുകൾ റദ്ദാക്കിയാതായും അറിയിച്ചു.
റഷ്യക്കെതിരായ നടപടികളിൽ ഇതുവരെ 62 അക്കൗണ്ടുകളാണ് മരവിപ്പിച്ചി രിക്കുന്നത്. ഇതിൽ അതി പ്രഗൽഭരായ വ്യാപാരികളുടേയും വൻകിട പ്രഭുക്കന്മാരുടേയും രാഷ്‌ട്രീയ നേതൃത്വങ്ങളുടേയും അക്കൗണ്ടുകളുണ്ട്. റഷ്യയുടെ സൈനിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട വാഗ്നർ ഗ്രൂപ്പ്, മറ്റ് പ്രമുഖ റഷ്യൻ ബാങ്കുകളുടെ വിദേശ അക്കൗണ്ടുകൾ എന്നിവയും മരവിപ്പിച്ചിട്ടുണ്ട്. റഷ്യൻ വാണിജ്യമേഖലകളുമായി ബന്ധപ്പെട്ട് വിവിധ ലൈസൻസുകളും പെർമിറ്റുകളുമടക്കം കാനഡ മരവിപ്പിച്ചു. ഇതുമൂലം റഷ്യയുടെ 700 മില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തി മരവിപ്പിച്ചിരിക്കുകയാണ്.

