Tuesday, April 30, 2024
spot_img

ശാസ്ത്രലോകം പോലും കാണാൻ കാത്തിരിക്കുന്ന അയോദ്ധ്യയിലെ സൂര്യാഭിഷേകം നാളെ! അഞ്ചു മിനിട്ട് നേരം സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ പതിക്കും; പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമാനവമിക്കായി അണിഞ്ഞൊരുങ്ങി ശ്രീരാമ ജന്മഭൂമി

ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യപുരി. രാമനവമി ദിനമായ നാളെ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ഉച്ചയ്‌ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക. അഞ്ച് മിനിട്ട് നേരം രാംലല്ലയുടെ നെറ്റിയിൽ സൂര്യരശ്മികൾ പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു.

സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ശാസ്ത്രകാരൻമാർ ഇത് ചിത്രീകരിക്കാനായി തയ്യാറെടുക്കുകയാണെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. ഡിസംബറോടെ ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ജോലികളും പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

രാമനവമി ദിനത്തിൽ ഭക്തരുടെ സൗകര്യാർത്ഥം രാത്രി 11 വരെ ദർശനം ലഭ്യമാകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാമനവമി ദിനത്തിൽ രാവിലെ 3.30ന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഭിഷേകവും 5 മണിക്ക് ശൃംഗാർ ആരതിയും നടക്കും. രാംലല്ലയുടെ ദർശനവും മറ്റ് ആരാധനാ ചടങ്ങുകളും പതിവുപോലെ നടക്കും. ഭഗവാന് നേദ്യം അർപ്പിക്കുന്ന സമയത്ത് ഭക്തർക്ക് ദർശനം നടത്താനാകില്ല. ദർശനം രാത്രി 11 വരെ തുടരും. ശേഷം ശയന ആരതി നടക്കും. രാമനവമി നാളിൽ ശയന ആരതിക്ക് ശേഷം ക്ഷേത്ര സന്നിധിയിൽ പ്രസാദം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. ഇന്ന് മുതൽ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.

Related Articles

Latest Articles