ചെന്നൈ : കുടുംബ കലഹത്തിനെ തുടർന്ന് തമിഴ്നാട്ടിൽ കൊലപാതകശേഷം യുവാവും ജീവനൊടുക്കി. കടലൂരിൽ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാർ കോവിൽ തെരുവിലാണ് കുടുംബവഴക്കിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരെ ബന്ധുവായ യുവാവ് തീകൊളുത്തി കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം യുവാവും തീകൊളുത്തി മരിച്ചു. തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി, തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ്, എന്നിവരെയാണ് ധനലക്ഷ്മിയുടെ ഭർത്താവ് സർഗുരു തീകൊളുത്തി കൊന്നത്. ഇതിനു ശേഷം സർഗുരു സ്വയം തീകൊളുത്തി മരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ ധനലക്ഷ്മിയെ സർക്കാർ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . പ്രകാശ് – തമിഴരസി ദമ്പതികളും മകൾ ഹാസിനിയും കടലൂരിലാണ് താമസിച്ചിരുന്നത്. സർഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറ്റി. ഇതിനുപിന്നാലെ സർഗുരു ഇവിടെയെത്തുകയും ഭാര്യയുമായി വഴക്കിടുകയും പ്രശ്നം വഷളായതോടെ സർഗുരു, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഭാര്യയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ചു. ഇതു പ്രതിരോധിക്കാൻ ശ്രമിച്ച തമിഴരസിയുടെയും കുഞ്ഞിന്റെയും ദേഹത്തും ഇയാൾ പെട്രോളൊഴിക്കുകയും കത്തിക്കുകയുമായിരുന്നു.സ്വന്തം കുഞ്ഞടക്കം രണ്ടു കുഞ്ഞുങ്ങളും തമിഴരസിയും തൽക്ഷണം മരിക്കുന്നത് കണ്ടു നിന്ന ഇയാൾ പിന്നാലെ സ്വയം തീകൊളുത്തി ജീവനൊടുക്കി.

