Sunday, May 5, 2024
spot_img

കോൺഗ്രസിനും ആർജെഡിക്കും കുടുംബ താത്പര്യമാണ് മുഖ്യം! സോണിയയുടെ ഏക ലക്ഷ്യം മകനെപ്രധാനമന്ത്രിയാക്കുകയാണ്; നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കൂവെന്ന് അമിത് ഷാ

പട്‌ന: കുടുംബ താത്പര്യമാണ് കോൺഗ്രസിനും ആർജെഡിക്കുമുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ ഏക ലക്ഷ്യം മകനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുക എന്നതാണ്. കോൺഗ്രസിന്റെ കൈയ്യിലെ പാവയായ ലാലു പ്രസാദ് യാദവിന്റെ ലക്ഷ്യവും മകൻ തേജസ്വി യാദവിനെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കുന്നതാണ്. ബിജെപി ഒബിസി മോർച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിന് പിന്നാലെയാണ് കുടുംബാധിപത്യത്തിനെതിരെ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്. പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ഭൂമി തട്ടിയെടുക്കാനാണ് ലാലു യാദവ് പ്രവർത്തിച്ചത്. സംഭവത്തിൽ ‘ഇരട്ട എഞ്ചിൻ സർക്കാർ’ ഉടൻ ഒരു സമിതി രൂപീകരിക്കുമെന്നും പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർജെഡിയും കോൺഗ്രസും ദീർഘകാലം അധികാരത്തിലിരുന്നിട്ടും മുൻ ബിഹാർ മുഖ്യമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂരി ഠാക്കൂറിനെ ആദരിച്ചില്ല. കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നൽകി ആദരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ബീഹാറിലെ ജനങ്ങൾ എപ്പോഴും ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്. 2014-ൽ 31 സീറ്റുകളിലും 2019-ൽ 39 സീറ്റുകളും നേടി. ഇതേ പിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles