Monday, April 29, 2024
spot_img

പാലേരി മാണിക്യത്തിന്റെ കഥാകാരൻ; പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ അന്തരിച്ചു: കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് മൂന്നിന് സംസ്‌കാരം

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. 63 വയസായിരുന്നു. വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9 മുതല്‍ 11 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം വൈകിട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പില്‍ നടക്കും.

ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതി ഞാൻ എന്ന പേരിലും സിനിമയായിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ജീവനക്കാരനായിരുന്ന ടി പി രാജീവൻ പിന്നീട് വിആർഎസ് എടുത്ത് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇം​ഗ്ലീഷിലും മലയാളത്തിലും ടി പി രാജീവൻ എഴുതിയിരുന്നു.

കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികള്‍ക്കുള്ള വി.ടി.കുമാരന്‍ പുരസ്‌കാരം ലഭിച്ചു.

വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, ദീര്‍ഘകാലം, പ്രണയശതകം തുടങ്ങിയ കവിതകളും പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവന്‍ മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ്.

Related Articles

Latest Articles