Sunday, May 5, 2024
spot_img

ധനപ്രതിസന്ധി! രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളിൽ കേരളത്തിന് മാത്രമായി പ്രത്യേക ഇളവു വരുത്താൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

ജിഎസ്ടിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കനത്ത തിരിച്ചടി. ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ കേരളത്തിന് മാത്രമായി പ്രത്യേകം ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് ധനമന്ത്രി പാർലമെന്‍റില്‍ രേഖാമൂലം മറുപടി നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്‍പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പാ അധികമായി എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles