Sunday, April 28, 2024
spot_img

സംസ്ഥാനത്തെ പദ്ധതി നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പില്‍ ഗുരുതര വീഴ്ച. തദ്ദേശ ഭരണ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ എല്ലാ പദ്ധതികളുടെ നടത്തിപ്പിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.

2018 ഡിസംബറില്‍ തന്നെ പദ്ധതി തയാറാക്കി അംഗീകാരം നേടിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നീക്കിയതിന് ശേഷം സ്പില്‍ ഓവര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി പരിഷ്‌കരിക്കുകയും ചെയ്തു. ഇതിനായുള്ള പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എന്നാല്‍ പദ്ധതി നടത്തിപ്പ് ഇഴഞ്ഞ് നീങ്ങുകയാണ്.

ആകെ പദ്ധതി തുകയുടെ 56.58 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളാകട്ടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചു. 41 ശതമാനം മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ്. കോര്‍പറേഷനുകളാണ് ഏറ്റവും പിന്നിലുള്ളത്. 29 ശതമാനം മാത്രമാണ് കോര്‍പറേഷനുകള്‍ ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 40.94 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.

61 ശതമാനം തുക മാത്രമേ ചെലവഴിക്കാന്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇഴഞ്ഞുനീങ്ങുന്നതില്‍ മിക്കതും ആരോഗ്യ, സാമൂഹ്യ, സുരക്ഷാ മേഖലകളിലുള്ള പദ്ധതികളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Latest Articles