ഭോപ്പാൽ: രാജ്യത്തെ ചീറ്റ പുനരധിവാസ പദ്ധതിയായ ‘പ്രോജക്ട് ചീറ്റ’യ്ക്ക് കരുത്തേകി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് പുതിയ അതിഥികൾ കൂടി എത്തി. നമീബിയയിൽ നിന്നുകൊണ്ടുവന്ന ‘ആശ’ എന്ന ചീറ്റയാണ് അഞ്ച് ആരോഗ്യവാനായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇത് രണ്ടാം തവണയാണ് ആശ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ജനിച്ചതും അതിജീവിച്ചതുമായ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 24 ആയി ഉയർന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
ഫെബ്രുവരി ഏഴിനാണ് ആശ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തള്ളച്ചീറ്റ തന്റെ കുഞ്ഞുങ്ങളെ ലാളിക്കുന്ന ദൃശ്യങ്ങൾ വനംവകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിസ്ഥിതി സൗഹൃദ നേതൃത്വത്തിന് കീഴിൽ നടക്കുന്ന ചീറ്റ സംരക്ഷണ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലാണിതെന്ന് മന്ത്രി ഭൂപേന്ദ്ര യാദവ് വിശേഷിപ്പിച്ചു. പുതിയ അഞ്ച് കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 32 ആയി ഉയർന്നു. ഇതിൽ 24 എണ്ണവും ഇന്ത്യൻ മണ്ണിൽ തന്നെ ജനിച്ചവരാണെന്നത് പദ്ധതിയുടെ വിജയത്തെ അടിവരയിടുന്നു.
അതേസമയം, ഈ മാസം അവസാനത്തോടെ കുനോയിലെ ചീറ്റകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 28-നകം ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകളെ കൂടി കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കും. അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് ഈ സംഘത്തിലുള്ളത്. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകളിലാകും ഇവയെ മധ്യപ്രദേശിൽ എത്തിക്കുക. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ എത്തിച്ചതിന് ശേഷം 36 മാസത്തെ ഇടവേള കഴിഞ്ഞാണ് വിദേശത്ത് നിന്നുള്ള അടുത്ത വലിയ കൈമാറ്റം നടക്കുന്നത്.
നിലവിൽ ബോട്സ്വാനയിൽ ക്വാറന്റൈനിൽ കഴിയുന്ന ഈ ചീറ്റകളെ ഇന്ത്യയിലെത്തിച്ചാലും നിശ്ചിത കാലയളവ് ക്വാറന്റൈൻ എൻക്ലോസറിൽ പാർപ്പിക്കും. നിലവിൽ കുനോയിൽ വിദഗ്ധരായ വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സജ്ജമായതിനാൽ പുതിയ ചീറ്റകളെ സ്വീകരിക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകളുടെ ആവശ്യമില്ലെന്ന് ഫീൽഡ് ഡയറക്ടർ ഉത്തംകുമാർ ശർമ്മ വ്യക്തമാക്കി. ബോട്സ്വാനയിൽ നിന്നുള്ള പുതിയ ചീറ്റകളെ തുറന്നുവിടുന്നതിന് മുൻപായി, നിലവിൽ കുനോയിലുള്ള ചീറ്റകളെ ഗാന്ധി സാഗർ നാഷണൽ പാർക്കിലേക്കോ നൗരാദേഹി വന്യജീവി സങ്കേതത്തിലേക്കോ മാറ്റാനും അധികൃതർ ആലോചിക്കുന്നുണ്ട്.

