Tuesday, October 27, 2026

പതിനഞ്ചുകാരനായ നാസി ഭീകരൻ പുലമ്പിയിരുന്നത് വംശീയ അധിക്ഷേപങ്ങളും ഹോളോകോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും! റഷ്യയിലെ മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലെ കത്തിയാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥികൾചികിത്സയിൽ

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്താൻ റിപ്പബ്ലിക്കിലെ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലുണ്ടായ കത്തിയാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശനിയാഴ്ച നടന്ന സംഭവത്തിൽ വിദ്യാർത്ഥികളും പോലീസുകാരും ഉൾപ്പെടെ ആറിലധികം പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളിൽ 4 പേർ ഇന്ത്യക്കാരാണ്. വിദേശ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമിറ്ററിയിൽ അതിക്രമിച്ചു കയറിയ പതിനഞ്ചുകാരനായ അക്രമി, വംശീയ അധിക്ഷേപങ്ങളും ഹോളോകോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും മുഴക്കിയാണ് ആക്രമണം നടത്തിയത്. റഷ്യയിൽ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ട ‘നാഷണൽ സോഷ്യലിസം/വൈറ്റ് പവർ’ (NS/WP) എന്ന നവനാസി ഗ്രൂപ്പിലെ അംഗമാണ് അക്രമിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോസ്റ്റൽ മുറികളിലും ഇടനാഴികളിലും രക്തം തളം കെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമി ആയുധവുമായി തിരിഞ്ഞു. പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു. അറസ്റ്റിന് പിന്നാലെ അക്രമി സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് റഷ്യൻ ഫെഡറൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് മൂന്ന് വിദ്യാർത്ഥികളുടെ നില തൃപ്തികരമാണ്. ആക്രമണം നടത്തിയ കൗമാരക്കാരൻ നിലവിൽ ഗുരുതരാവസ്ഥയിൽ പ്രാദേശിക ചിൽഡ്രൻസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രമുഖ മാധ്യമപ്രവർത്തക ആനി പൊളിറ്റ്കോവ്സ്കയയുടെ കൊലപാതകം ഉൾപ്പെടെയുള്ള ഉയർന്ന പ്രൊഫൈൽ ആക്രമണങ്ങളുമായി ബന്ധമുള്ള നിരോധിക്കപ്പെട്ട ഭീകരസംഘടനയുടെ ഭാഗമാണ് അക്രമിയെന്നത് റഷ്യൻ സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മോസ്കോയിൽ നിന്ന് ഏകദേശം 1,200 കിലോമീറ്റർ കിഴക്കുള്ള ബാഷ്കോർട്ടോസ്താൻ തലസ്ഥാനമായ ഊഫയിലെ അധികൃതർ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വിദേശ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ ഐറിന വോൾക്ക് വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles