മദ്ധ്യപ്രദേശ് : ഖർഗോൺ ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരി മരിച്ചു. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ സോണിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അമിത രക്തസ്രാവം കാരണം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബേഡിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ബകാവ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് സമീപത്തെ കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന പെൺകുട്ടി തെരുവ് നായ്കളുടെ കൂട്ടമായ ആക്രമണത്തിന് ഇരയാകുകയായിരുന്നു .
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നായ്ക്കളെ ഓടിക്കുകയായിരുന്നു. എന്നാൽ അഞ്ച് വയസുകാരിയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. ബേഡിയയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കുട്ടിയെ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് സിവിൽ സർജൻ അനർ സിംഗ് ചൗഹാൻ പറഞ്ഞു

