Wednesday, May 8, 2024
spot_img

ഒരേ നിറത്തിലുള്ള കൊടിതോരണങ്ങൾ പാടില്ല; ക്ഷേത്ര പരിസരങ്ങളിൽ പ്രതിഷേധ നാമജപങ്ങൾ പാടില്ല ; വിശ്വാസികൾക്കു നേരെ വീണ്ടും വിലക്കുമായി ദേവസ്വം ബോർഡ് ; ധൈര്യമുണ്ടെങ്കിൽ ഉത്തരവ് നടപ്പിലാക്കാൻ ഹൈന്ദവ സംഘടനകൾ

തിരുവനന്തപുരം: വിശ്വാസികൾക്കുമേൽ വീണ്ടും വിലക്കുമായി ദേവസ്വം ബോർഡ് രംഗത്ത്. ക്ഷേത്ര പരിസരങ്ങളിൽ പ്രതിഷേധ നാമജപങ്ങൾ പാടില്ലെന്നും ഒരേ നിറത്തിലുള്ള കൊടികൾ കെട്ടാൻ പാടില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറിൽ പറയുന്നത്. കൂടാതെ, ദേവസ്വം വിജിലൻസ് ഉത്തരവ് നടപ്പിലാക്കണമെന്നും ഇതിനായി നിയമസേവനം തേടണമെന്നും സർക്കുലറിൽ ബോർഡ് ആവശ്യപ്പെടുന്നുണ്ട്.

ക്ഷേത്രങ്ങളിൽ കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കൾക്ക് നേരെ നാമജപം സമരമാർഗ്ഗമാക്കിയാണ് ഭക്തർ പലപ്പോഴും പ്രതിരോധം തീർക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് വിചിത്രമായ ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിനകത്തോ ക്ഷേത്ര വസ്തുവിലോ മൈക്ക് സ്ഥാപിച്ച് നാമജപഘോഷം എന്ന പേരിൽ പ്രതിഷേധ യോഗം ചേരാൻ പാടില്ലെന്നാണ് സർക്കുലറിൽ പറയുന്നത്.

അതേസമയം, തിരുവനന്തപുരത്തെ വെള്ളായണി ക്ഷേത്രത്തിൽ ഉൾപ്പെടെ കാവിത്തോരണങ്ങൾ കെട്ടുന്നതിന് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ വിലക്കും ഈ ഉത്തരവും ചേർത്തുനോക്കുമ്പോൾ ദേവസ്വം ബോർഡിന്റെ ഉദ്ദേശം വ്യക്തമായി മനസിലാക്കാൻ സാധിക്കും. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരമാധികാരം ഉപദേശക സമതികൾക്ക് ആണെന്നിരിക്കെ അതു മറികടന്ന് ദേവസ്വം ബോർഡ് ജീവനക്കാരെ ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ നിയന്ത്രണം പൂർണമായി പിടിച്ചടക്കുക എന്നതാണ് ഉത്തരവിലൂടെ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.

ക്ഷേത്ര ഭരണത്തിന്റെ പരമാധികാര സമിതിയായ ഉപദേശക സമിതി തയ്യാറാക്കുന്ന ക്ഷേത്ര ചടങ്ങുകളുടെ നോട്ടീസിന്റെ കരടുരൂപം ദേവസ്വം ബോർഡ് അധികൃതരെ കാണിച്ച് അനുവാദം വാങ്ങിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, ഉത്തരവിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ആവശ്യമെങ്കിൽ പോലീസിന്റെ നിയമസഹായം തേടാമെന്നും ദേവസ്വം കമ്മീഷണർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ധൈര്യമുണ്ടെങ്കിൽ ഉത്തരവ് നടപ്പിലാക്കാനാണ് ഹൈന്ദവ സംഘടനകളുടെ മറുപടി.

Related Articles

Latest Articles